പബ്ലിക് സ്പേസിൽ ഈ വിവരങ്ങൾ ലഭ്യമാണ്
1942ലെ ഇന്ത്യയെ മനസ്സിലാക്കണമെങ്കിൽ ആദ്യം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭൂപടം നോക്കണം. യുദ്ധം യൂറോപ്പിൽ മാത്രം നടക്കുന്ന ഒന്നായിരുന്നില്ല. ജപ്പാൻ തെക്കുകിഴക്കൻ ഏഷ്യയിലൂടെ അതിവേഗം മുന്നേറുകയായിരുന്നു. മലായയും സിംഗപ്പൂരും തകർന്നു. ബർമയിലേക്കും ജപ്പാൻ കടന്നുകയറി. അതോടെ ഇന്ത്യയിലേക്കുള്ള ആക്രമണം ഒരു സങ്കൽപ്പമല്ല, യഥാർത്ഥ സാധ്യതയായി മാറി.മാത്രവുമല്ല സുഭാഷ് ചന്ദ്രബോസിന്റെ സൈന്യവും ഇന്ത്യയിലേക്ക് നീങ്ങുന്നു.
അപ്പോൾ ബ്രിട്ടന് ഇന്ത്യ വെറും ഒരു കോളനിയല്ലായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യൻ സൈനികർ, റെയിൽവേ, തുറമുഖങ്ങൾ, ഭക്ഷ്യോത്പാദനം, ഫാക്ടറികൾ, അസംസ്കൃത വസ്തുക്കൾ — ഇവയെല്ലാം യുദ്ധത്തിന് ആവശ്യമായിരുന്നു. ജവഹർലാൽ നെഹ്റു 1942 ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് റൂസവെൽറ്റിന് എഴുതിയ കത്തിൽ ഇന്ത്യയുടെ യുദ്ധശേഷി വളരെ വലുതാണെന്നും, മനുഷ്യശേഷി അപാരമാണെന്നും, ഉത്പാദനം വലിയ തോതിൽ വർധിപ്പിക്കാനാകുമെന്നും എഴുതി. പക്ഷേ ജനങ്ങളുടെ വിശ്വാസമുള്ള ഒരു ദേശീയ സർക്കാർ ഇല്ലാതെ ഈ ശേഷിയെ പൂർണമായി ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതിനാൽ ബ്രിട്ടന്റെ യഥാർത്ഥ പ്രശ്നം ഇതായിരുന്നു: ഇന്ത്യയുടെ വിഭവങ്ങളും മനുഷ്യശേഷിയും യുദ്ധത്തിനായി ഉപയോഗിക്കണം. പക്ഷേ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയായ കോൺഗ്രസ് ബ്രിട്ടീഷ് ഭരണത്തെ അംഗീകരിക്കാൻ തയ്യാറല്ല.